ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ സൂപ്പര്‍ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ വിജയത്തിന് പരിശ്രമിച്ച സൂപ്പര്‍ താരത്തിന് പുറകെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്നെ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ത്യയുടെ വിജയത്തിനായി പരിശ്രമിച്ച ഹലിചരണ്‍ നര്‍സാരിയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
മധ്യനിരയിലും മുന്‍നിരയിലും കളിക്കാന്‍ കഴിയുന്ന ഇരുപത്തിമൂന്നുകാരനായ ഇന്ത്യന്‍ താരം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്നു. അനസ്, ധീരജ് സിങ്ങ് എന്നിവര്‍ക്കു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ സൈനിങ്ങാണ് ഹലിചരണ്‍. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ സ്ഥിരസാന്നിധ്യമായിരുന്നു ഹലിചരണ്‍. കളിക്കളത്തില്‍ മുഴുവന്‍ സമയം മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കുന്ന താരം മറ്റു താരങ്ങളുടെ അഭാവത്തില്‍ കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്ക് കരുത്തു പകരുമെന്നാണ് പ്രതീക്ഷ.

Comments
Post a Comment